02:31pm 11 November 2026
NEWS
ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ പ്രതിനിധി സംഘം കുസാറ്റ് സന്ദർശിച്ചു
10/10/2025  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ പ്രതിനിധി സംഘം കുസാറ്റ് സന്ദർശിച്ചു
HIGHLIGHTS

ജെഎസ്ടി യുടെ പ്രതിനിധികൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിക്കൊപ്പം

കൊച്ചി: ജപ്പാൻ സർക്കാരിന്റെ വിദ്യാഭ്യാസ, സംസ്കാര, കായിക, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ (MEXT) കീഴിലുള്ള ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ (JST) ഉന്നതതല പ്രതിനിധി സംഘം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. കുസാറ്റും ജപ്പാനിലെ സർവകലാശാലകളും തമ്മിലുള്ള ഗവേഷണവും അക്കാദമിക സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.

JST യുടെ അഡ്വൈസർ യൂജി നിഷികാവ, സകുറ സയൻസ് പ്രോഗ്രാം ഹെഡ്ക്വാട്ടേഴ്സിന്റെ ഡയറക്ടർ ടകാഷി കൊനിഷി എന്നിവരടങ്ങുന്ന പ്രതിനിധി സംഘം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരിയുമായി  വിശദമായ കൂടിക്കാഴ്ച നടത്തി. ഗവേഷണ സഹകരണം, അക്കാദമിക കൈമാറ്റം, സംയുക്ത പദ്ധതികൾ തുടങ്ങിയ മേഖലകളിൽ പരസ്പര ബന്ധം ദൃഢമാക്കുന്നതിനാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.

തുടർന്ന്, കുസാറ്റിലെ വിവിധ വിഭാഗങ്ങളിലെ വകുപ്പ് മേധാവിമാരുമായും അധ്യാപകരുമായും സംഘം ആശയവിനിമയം നടത്തി, സംയുക്ത ഗവേഷണ പദ്ധതികൾക്കും വിദ്യാർത്ഥി–അധ്യാപക കൈമാറ്റ പ്രോഗ്രാമുകൾക്കും അനുയോജ്യമായ മേഖലകൾ തിരിച്ചറിഞ്ഞു.

സംഘം 300 ഇന്ത്യൻ യുവ ഗവേഷകർക്ക് ജാപ്പനീസ് സർവകലാശാലകളിലോ ഗവേഷണ സ്ഥാപനങ്ങളിലോ ഒരു വർഷം വരെ ഗവേഷണം നടത്താനുള്ള അവസരം ലോട്ടസ് പ്രോഗ്രാമിനെക്കുറിച്ച് അവതരിപ്പിക്കുകയും, നവംബർ 15ന് ഐ.ഐ.ടി ഹൈദരാബാദിൽ നടക്കുന്ന നാലാമത് ജപ്പാൻ-ഇന്ത്യ സർവകലാശാലാ ഫോറത്തിൽ (JIUF) പങ്കെടുക്കാൻ കുസാറ്റിനെ ക്ഷണിക്കുകയും ചെയ്തു.

സന്ദർശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം കുസാറ്റിലെ പ്രധാന ഗവേഷണ കേന്ദ്രങ്ങളും ലാബുകളും സന്ദർശിച്ച് സർവകലാശാലയുടെ ശാസ്ത്രീയ–സാങ്കേതിക പുരോഗതികളെ അവലോകനം ചെയ്തു.

2015-ൽ ആരംഭിച്ച സകുറ സയൻസ് പ്രോഗ്രാം (SSP) വഴി ഇന്ത്യയിലെ 4,000-ത്തിലധികം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ജപ്പാനിൽ ഹ്രസ്വകാല അക്കാദമിക കൈമാറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നു. ഈ വർഷം കുസാറ്റിൽ നിന്നുള്ള പത്ത് വിദ്യാർത്ഥികൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാനായി അവസരം ലഭിച്ചിട്ടുണ്ട്.

സന്ദർശനം കുസാറ്റ് ഡയറക്ടറേറ്റ് ഓഫ് ഇന്റർനാഷണൽ റിലേഷൻസിന്റെ ഡയറക്ടർ ഡോ. ഹരീഷ് എൻ. രാമനാഥൻ ഏകോപിപ്പിച്ചു. ചർച്ചകളിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ആൾഡ്രിൻ ആന്റണി, ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് ഡയറക്ടർ ഡോ. കൈലാസ്നാഥ് , ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ദീപ്തി ദാസ് കൃഷ്ണ , കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോ. ബിജോയ് ആന്റണി ജോസ് , കമ്പ്യൂട്ടർ സയൻസ് ഡിവിഷൻ, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഹെഡ് ഡോ. പ്രമോദ് പവിത്രൻ , ഇൻഫർമേഷൻ ടെക്നോളജി ഡിവിഷൻ, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഹെഡ് ഡോ. എം.ബി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img